Powered By Blogger

Thursday, 5 March 2015

കുഴിച്ചു മൂടപ്പെട്ട എന്റെ ആത്മാവിന്റെ ഓർമയ്ക്ക് ...!!

           




പ്രണയ നായകാ ,                     
                                   എന്റെ  ആത്മാവിന് പരിചിതനായ  നിനക്ക് ഞാൻ കുറിക്കുന്നു . എനിക്ക് നിന്നോട് പങ്കുവെക്കാനുള്ളത് ഒരായിരം കഥകളാണ് . ആയിരത്തിയൊന്നു രാവുകൾ തീർത്തും തീരാത്ത  എന്റെ അനശ്വരമായ കഥകൾ !
                        ഞാൻ പ്രേംപാത്ര! എന്നെ തിരിച്ചറിഞ്ഞ നാളിൽ ഞാൻ എനിക്ക് നൽകിയ പേര് നിന്നെ അറിയിച്ചു എന്നു മാത്രം . ഒരു പെണ്ണ്‍  ആണിന് എഴുതുന്നത് പ്രേമലേഖനമാവുമോ എന്നെനിക്കറിയില്ല . പക്ഷെ ഞാൻ ഒരു കത്ത് ഏത് പുരുഷന് എഴുതിയാലും അത് പ്രേമ ലേഖനങ്ങളായി രൂപാന്തരപ്പെടുന്നു . എന്റെ വാക്കുകളിൽ നീ പ്രേമത്തെ രുചിക്കുന്നുണ്ടെങ്കിൽ.. തീർച്ചയായും  ഞാൻ മൂകയും ബധിരയുമാണെന്ന്  പ്രഖ്യാപിക്കും . നീ അന്ധനും !!
                           എന്റെ ഉള്ളിലെ പ്രണയം കൊടുമുടികളുടെ അടിയിൽ നിന്നും നുരഞ്ഞു പൊന്തുന്ന ലാവ പോലെ ഉയർന്നു  വരുന്നു . ഒരു തികട്ടൽ പോലെ ഞാൻ അതിനെ കെട്ടടക്കാൻ പ്രേരിതയാകുന്നു . ഓരോ പുരുഷനിലും ഒഴിഞ്ഞു കിടക്കുന്ന എന്റെ പ്രേമ പാത്രം  ഞാൻ കാണുന്നു. ഓരോ പാത്രവും അളവില്ലാതെ നിറയ്ക്കാൻ ഞാൻ വെമ്പൽ കൊള്ളുന്നു . എന്റെ പ്രണയത്തിന്റെ പരിലാളനകളിൽ അകപ്പെട്ടവർ ,ഹാ !! എത്രയോ ഭാഗ്യവാന്മാർ !
                        എന്റെ ഉള്ളിലെ പ്രേമ മണികളെ വിളമ്പി നിറച്ച്‌... ആകുലതകളില്ലാതെ നിസ്വാർത്ഥമായി എനിക്ക് പ്രണയിക്കണം . ഓരോ മുത്തവും പ്രണയത്തിന്റെ ഭാഷയാണെങ്കിൽ ആ ഭാഷയിൽ പ്രാവീണ്യം നേടി.. ഒരാളും ഇതിലും നന്നായി ഭാഷിക്കാത്ത രീതിയിൽ എനിക്ക് ചുംബിക്കണം . രതി അതിനൊരു മാർഗ്ഗമാണെങ്കിൽ,... ആ മാർഗ്ഗം എനിക്ക് തന്നെ കൈപ്പറ്റണം !! ഈ ലോകത്തിലെ ഏക വനിത ഞാനായിരുന്നുവെങ്കിൽ.. നക്ഷത്രക്കുഞ്ഞുങ്ങളെ പോലെ ഭൂമിയിൽ ഞാനെൻറെ വിത്തുകൾ പാവി മുളപ്പിക്കുമായിരുന്നു . ഒരു കടലിൽ മീനുകളെന്നപ്പോൽ ഞാൻ ചുരത്തിയ പാലിൽ എന്റെ പുരുഷക്കുഞ്ഞുങ്ങൾ കൈക്കാലുകളിട്ടടിക്കുമായിരുന്നു.
                            എന്റെ കേളികളിൽ ആവേശപരിതരായ ഓരോ പുരുഷനും എന്റെ നഗ്നതയിൽ ഉഴുന്നുക്കാളകളെ പോലെ പണിയെടുക്കുമായിരുന്നു . ഞാൻ ഒരേ സമയം തന്നെ ഈ ലോകത്തിന്റെ മാതാവും പ്രണയിനിയും ആകുമായിരുന്നു .
                                        ഹാാാ !! പ്രണയമേ ... നീ എന്തുക്കൊണ്ട് എന്നിൽ മാത്രമായി നിറഞ്ഞുക്കവിയുന്നു ?? ഒരു നേർത്ത പുകപ്പോലെ ആത്മാവ് എന്റെ ശരീരം വിട്ടു പോകുമ്പോൾ ,ഭൂമിയിൽ നിന്ന് വിക്ഷേപിച്ച ഒരു നൂറു ഭ്രമണയന്ത്രങ്ങളാൽ ഞാൻ ചുറ്റപ്പെടും . എന്റെ ഉള്ളിലെ കാന്ത ശക്തിയാൽ ആകർഷിക്കപ്പെട്ട ഓരോത്തിനും ഞാനെന്റെ ഭാഷ പകർന്നു നൽകും . സത്വമില്ലാത്ത എല്ലാത്തിനെയും സത്വമുള്ളതാക്കി തീർക്കും .
                                        എന്റെ നൂറ് നുറുങ്ങ് ചിന്തകളുടെ മേനിയിൽ നീ നിറഞ്ഞാടുന്നു. എല്ലാം മറന്ന് ലയിച്ചുറങ്ങാൻ ഞാൻ പ്രേരിതയാകുന്നു . ആഴങ്ങളിൽ ... തിരമാലകളുടെ പരിലാളനകളിൽ.... മണൽ തരികളോളം ലയിച്ച്... ശംഖുനാദത്തിൽ മതി മറന്ന് ... അങ്ങനെ ... ഓളങ്ങളുടെ ഒഴുക്കിൽ ഞാനങ്ങനെ...
                           ഒരു ഉറക്കം!! അത് തികച്ചും അനുവാര്യമാണ് !! പക്ഷെ പിന്നീടുള്ള ഉണർവിനെ ലോകം എങ്ങനെ സ്വീകരിക്കുമെന്നത് പ്രവചനാതീതവുമാണ് ..
                          അങ്ങനെ ,,, ഒരു ആമാവാസി നാളിൽ ഞാനും ഉണർത്തപ്പെട്ടു!! ഒരു ഉറക്കത്തിൽ പോയ് മറഞ്ഞ കാലചക്രത്തിന്റെ മറവിൽ !!
                          എന്നിലെ എന്റെ സ്ത്രീയെ ഒരായിരം ഒറ്റക്കയ്യന്മാരുടെ കമ്പിപ്പാരകൾക്കൊണ്ട് കുഴിച്ചു മൂടപ്പെടുന്നു. ദു:സ്വപ്നം !! ഫലിക്കപ്പെട്ട ഒരു പകൽ  സ്വപ്നം!!
                              കണ്മുന്നിൽ കണ്ട ഒരു നേർത്തക്കാഴ്ച്ചയിൽ എന്റെ ഉള്ളം പിടഞ്ഞു .എല്ലുകൾ പൊടിഞ്ഞ് എണ്ണത്തിൽ കവിഞ്ഞു ... അടിവയറുടഞ്ഞ് ഒരുക്കൂട്ടം  ആത്മാക്കൾ  പറന്നുപ്പൊങ്ങി. പാലുറവ വറ്റിയ കടലോളങ്ങളിൽ  രക്തപ്രവാഹത്തിന്റെ തിരകൾ ആഞ്ഞടിച്ചു. എങ്ങും പ്രണയത്തിന്റെ ചുവപ്പ് നിഴലിച്ചു . "ഹാ! പ്രണയമയം !!പ്രണയമയം " -എന്റെ പ്രേമ ഭാജനങ്ങൾ  വിളിച്ചു പറയുന്നു. ഓ! നിങ്ങൾക്ക് ഞാൻ പറഞ്ഞുത്തരാതെ പോയ ആ വികാരത്തിന്റെ നിറവും ഇതു തന്നെ ആയിരുന്നു . ചുവപ്പ് !!
                             തോലും മാംസവും ഒന്നായി ഭക്ഷിക്കുന്ന ആ ഹിംസ്രജന്തുക്കളുടെ നടുവിൽ  പിച്ചിച്ചീന്തപ്പെട്ടു കുഴിച്ചു മൂടുമ്പോഴും അവൾ വിലപിച്ചത് ഒന്ന് മാത്രമായിരുന്നു.പ്രണയത്തിന്റെ കൊടുംച്ചൂടിലും നിറങ്ങൾ പെയ്തിറക്കി പുഷ്പ്പഹാരങ്ങൾ പൊഴിയിച്ച ആ ആത്മാവിന്റെ ധ്വനി നിനക്ക് കേൾക്കുന്നില്ലേ ??
                            അതെ .... അത് ഇങ്ങനെ ആയിരുന്നു .... "അല്ലാ  ! അല്ലാാാ !ഞാാാൻ...... ഞാാാൻ... സ്ത്രീ..... സ്ത്രീ അല്ലാാാാ  !!"


* കുഴിച്ചു മൂടപ്പെട്ട എന്റെ ആത്മാവിന്റെ ഓർമയ്ക്ക് ...!!







Thursday, 19 December 2013

കവിത കേഴുന്നു




പുത്തനുടുപ്പിൽ പുതുമെയ്യിൽ,
പുതുമ ചുമക്കും അടിയാളായ്..

പുതുശ്വാസ വിശ്വാസത്തിൽ,
പുതുത്തയ്യ് മുളപ്പിക്കുന്നു...

പുലരിയിലൊരു വേളയിൽ,
പുലർമഞ്ഞിൽ വീണതുള്ളിപ്പോൽ...

പലരും മലരും ചേർത്തളന്നു..
പറയായ് പകർന്നാടുന്നു..

പരാതിയില്ലെനിക്കിതിലോന്നുമേ,
പറയുവാനുണ്ടൊരുവ്വാക്കു മാത്രം!!

"എന്നെ ഞാനായ്....എന്നിലെ ഞാനായ് ...
മരണമടയുവാൻ ..... അനുവദിക്കൂ "





Tuesday, 17 December 2013

കനൽനാളം




"മനമുരുകുന്നു ...
മിഴിയടയുന്നു ...
മറവിലൊരായിരം 
കനലെരിയുന്നു !

വിരഹമീ സന്ധ്യയിൽ ,
പെയ്തൊഴിയാതെ ..
ഇരുളിലൊരായിരം 
കനവുകൾ തേടി ..

തിരയിളകുന്നു, 
മനം പതറുന്നു, 
വറുതിയിലൊരുത്തിരി 
നാളമായ് എന്നും ...."

---- അഹുറ മസ്സ്ദ ----


Thursday, 12 December 2013

Tuesday, 26 February 2013

തന്തുവിനന്ത്യം

















തന്ത്രിയില്‍  മീട്ടി  ഭവിച്ചൊരാ നാദവും ,
തന്തുവില്‍ നെയ്തു പടുത്തൊരു ചേലയും ,

പ്രണയിനീ , നീ ചാലിച്ച വര്‍ണങ്ങളെല്ലാം ,
ഇണച്ചേര്‍ന്നു ആശ്രയം പൂണ്ടു കിടന്നൂ .. 
ഇഴുകിച്ചേര്‍ന്നു മുളപ്പിച്ചെടുത്തൊരൂ 
പുത്തനുടുപ്പിന്നാശ പ്രതീക്ഷകള്‍ !!


  ബീജത്തില്‍ , പഠത്തില്‍ , പരുത്തിയില്‍
 നീളുന്നു ,ച്ചൊല്ലണമെന്നുണ്ടാക്കഥയിന്ന് ,
 തുടക്കവുമൊടുക്കവും എന്നാലതല്ല , 
മൃത്തില്‍ ഭവിച്ചൂ , ലയിച്ചൂ തദ്യതാ !!


------   അഹുറ മസ്സ്ദ   --------

Saturday, 19 January 2013

വേശ്യ


ഒളിച്ചുവച്ചൊരു കൃതികളിലേടുപ്പോല്‍,
വിറക്കൊണ്ടു സ്മിതം തൂകി നില്‌പ്പൂ .
ശേഷിപ്പതും അക്ഷരമറിയാതെവിടെയോ
വിരല്‍ത്തുമ്പിനാല്‍  കുറിച്ചിട്ട വരികള്‍ ...!!


ചിറകിട്ടടിച്ചുല്ലസിച്ചൂ   പറവകള്‍,
കൊതിയോടെ ഞാന്‍  നോക്കിനിന്നു .
കാതുകളിലൊരുള്‍വിളിയായ്ത്തീർന്നു
ആര്‍ത്തിരമ്പുമാ പതംഗതരംഗങ്ങള്‍ ....!!


 നെയ്തൂ ചിറകുകള്‍  സ്വപ്നത്തിലെങ്കിലും,
മേഘങ്ങളെത്തൊട്ടുരുമ്മി പറക്കാന്‍ .
മോഹപ്പൂന്തോപ്പില്‍ വിരിഞ്ഞൊരാ
'പൂമൊട്ട് ' മായാക്കാഴ്ചകളേറി  പറന്നു ...!!


വെച്ചേച്ചുക്കെട്ടീ ഞാണിട്ടുപ്പൂട്ടി,
ഒട്ടിയ വയറില്‍  അരഞ്ഞാണ്‍ മുറുക്കി.
കാലുകളിടറി മരവിച്ച മനസ്സിലൊരു
ത്തണലിന്‍റെ  പ്രത്യാശ പൂണ്ടു .....!!


ഞാനൊരു തെരുവിന്‍റെ മകളെന്നി -
രിക്കിലും , വ്യാമോഹമാണിതെന്ന -
വിളിപ്പാടു  കേള്‍ക്കിലും , പറക്കണം !
പറന്നകലണം! ഇരുളിലതാ നീളുന്ന
നീചക്കരങ്ങളില്‍ പിടയും മുന്‍പേ ....


----------                                                 ----------


ചെളിപ്പിടിച്ചുത്തുരുമ്പിച്ച  കാലെന്നെ ,
ഊക്കോടുക്കൂടിച്ചവിട്ടി  മെതിച്ചു .
മുക്കിലൊതുങ്ങി ,ഒരു ശ്രമം- പാഴ്ശ്രമം !
കെട്ടിയ ചിറകുകള്‍ പ്പൊട്ടിച്ചിതറി ....!!


ആശ തന്‍ക്കൂമ്പാരം കാറ്റില്‍ പറത്തി ,
നാടികളുലഞ്ഞു  വലിഞ്ഞു മുറുകി,
ലയിച്ചൂ  സ്വേദ ബിന്ദുക്കളെല്ലാം,
എമ്പാടും കാമത്തിന്‍ ഗന്ധം പരത്തി....!!



ഭഗ്നാശ്രുവില്ലാ വദനങ്ങളി,ലതാശ്ച്ചര്യം;
വറ്റി വരണ്ടു പോയോരുറവകളെല്ലാം..
കേണുവിളിച്ചു കരഞ്ഞിട്ടുമെന്തിന്‌ ??
അതുമൊരു പാഴ്ശ്രമമാകുകില്ലേ ??


ആമിഷം കൊത്തിവ്വലിച്ചൂ കഴുകര്‍ !
ശ്യാവമാ ചേലയില്‍ രക്തം പുരട്ടി ..
ശക്തിക്കുമേല്‍ കിടന്നലറി ഒരുവള്‍ !
ആശ്രയമില്ലാതടങ്ങി കിടപ്പൂ ,,,,


വീണ്ടും വിരിയിച്ചു ഞാനാച്ചിറകുകള്‍ ,
ആര്‍ത്തിക്കടിയിലണുക്കളായ് മാറി..
ക്രോധത്താലുറഞ്ഞുത്തുള്ളി, പിന്നെ
വേദനയമര്‍ത്തി കിടന്നതും ചിന്തിച്ച്....

---------                                                         -----------

ത്തുടരുമീ കഥ, മനസ്സിലുറച്ചുപ്പോയ്‌,
ഒരു 'പട്ട'മായ് കല്‍പിച്ചതേറ്റു വാങ്ങി ..
ശാന്തയായ്, വലിച്ചുക്കുത്തിയൊരുടയാട,
'ഞൊറിഞ്ഞുടുക്കാന്‍ താനേ പഠിച്ചു !!


ചുണ്ടില്‍ച്ചോപ്പു കലര്‍ത്തി ചിരിച്ചു ,
കങ്കണ കിങ്കിണി താളമായ് പാടി ,
മുല്ലപ്പൂമൊട്ടുകളതേറെ വളര്‍ന്നു ,
അഞ്ജനം കണ്‍കളില്‍ രാഗമായ്.....!!


ഇങ്ങനെ  കണ്ടൊരായിരം കോലങ്ങള്‍ ,
പ്രണയത്തിന്‍ ദാഹക്കെടുതലായ് മാറും
പ്രചാരികളാണെന്നതോര്‍ക്കുവിന്‍ -- നിങ്ങള്‍
വിളിപ്പതു- " വേശ്യ" എന്നാകിലും -- കഷ്ടം !!




---- അഹുറ മസ്സ്ദ  ---









Saturday, 22 December 2012

മിച്ചം വന്ന നാണയം

സ്വരുക്കൂട്ടി വെച്ചതിന്‍ ഭാഗമെല്ലാം,
നക്കി തുടച്ചു എന്‍ മക്കളെല്ലാം,
എന്നിട്ടും, ഹാ !അടങ്ങുന്നില്ല  ലഹള,
കാതോര്‍ത്തു കിടക്കുക്കയാണാ ബഹളം!!


"മിച്ചം വന്നൊരു നാണയത്തിന്‍ "മേല്‍,
തര്‍ക്കം തന്നെ,ഹാ ! ഇതെന്തൊരു  പുകില്‍ !!
എന്‍ ഉള്ളു കീറി പൊളിക്കുകയാണിവര്‍,
ഇനിയുമുണ്ടോ എന്നറിയാനാ വ്യഗ്രത!!


ജാനകീ , നീ അറിയുന്നില്ലയോ , നമ്മള്‍
ഗണിച്ചോരാ കണക്കുകളെല്ലാം
പാടേ പിഴച്ചവയായിരുന്നു !!
എങ്കിലും  ചിരിക്കുന്നു  എന്തിനാലോ
നമ്മള്‍ വളര്‍ത്തിയ മക്കളാരും
കണക്കിലോട്ടുമേ പിന്നിലല്ല!!


സ്വര്‍ണഗനികള്‍ക്കെല്ലാമപ്പുറം,
സ്നേഹത്തുലാസുയര്‍ന്നിരുന്നു
തുറന്നു നോക്കിയില്ലാരുമാ കലവറ!!
അതിന്‍ ഭാരം താങ്ങില്ലവര്‍ക്കെ -
ന്നറിഞ്ഞിട്ടോ അധികം വച്ചതും
ബാക്കി വന്നതുമാ നിധി മാത്രം!!




പകച്ചു നിന്നിരുന്നാ കുടിലിനെ നോക്കി,
അതില്‍ പേറുമെന്‍ മക്കളെയും,
പൂജ്യത്തില്‍ നിന്നന്നു കൊയ്തെടുത്തു,
പൂജ്യകണ ക്കിനാല്‍ കൂട്ടി വെച്ചു,
മാനം പൂണ്ടു പറഞ്ഞന്നു നീ
സദാ "എന്‍റെ മക്കള്‍ , എന്‍റെ മക്കള്‍ " !!



രാവെളിച്ചത്തിന്‍ നിഴലുകല്‍ക്കപ്പുറം,
നോക്കികിടന്നോരാ വേളകളില്‍,
നമ്മള്‍ പണിതൊരാ മാളികയില്‍,
സ്വര്‍ഗീയ കിനാവുകളായിരുന്നു ...

ഇന്നാ മാളികയില്ല, കിനാക്കളോ ഒട്ടുമില്ല,
എല്ലാം ആ പഴയ കുടിലില്ലൊതുങ്ങി
തുടങ്ങിയ പൂജ്യത്തിന്‍ വലിപ്പം
വലിയോരോട്ടപ്പോല്‍ എന്നെ വിഴുങ്ങി ...


- അഹുറ മസ്സ്ദ